കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ കൊച്ചി എന്‍ഐഎ കോടതി ജാമ്യം അനുവദിച്ച അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവര്‍ ഇന്ന് ജയില്‍ മോചിതരാകും. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളില്‍ ഒരാളും അടുത്ത ബന്ധുവും കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാകും.

യുഎപിഎ കേസില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിച്ചാണ് കൊച്ചി എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യമനുവദിച്ചത്. അറസ്റ്റിലായി പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.