പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ പുതിയ ഒരു കേസ് കണ്ടെത്തി. അബുദാബിയില്‍ നിന്നും മേയ് 7ന് തിരിച്ചെത്തിയ 69 വയസുകാരിക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ നാലുപേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഏഴുപേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ആരും ഐസലേഷനില്‍ ഇല്ല. ജില്ലയില്‍ 11 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇവരില്‍ ആരേയും രോഗബാധിതരായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്ന് പുതിയതായി അഞ്ചുപേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഒരാളെ ഡിസ്ചാര്‍ജ് ചെയ്യുകയും രണ്ടുപേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. രോഗബാധ പൂര്‍ണ്ണമായും ഭേദമായ 17 പേര്‍ ഉള്‍പ്പെടെ ആകെ 191 പേരെ ഇതുവരെ ആശുപത്രി ഐസലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ച് പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1088 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 98 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ എത്തിയ 162 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 9 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 1191 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് നാളിതുവരെ 51 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 256 പേരെ താമസിപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ നിന്ന് ഇന്ന് 92 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 4747 സാമ്ബിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 27 സാമ്ബിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു.

ഇന്നുവരെ അയച്ച സാമ്ബിളുകളില്‍ 18 എണ്ണം പോസിറ്റീവായും 4416 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 143 സാമ്ബിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 149 ടീമുകള്‍ ഇന്ന് ആകെ 19414 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 10 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 16903 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 43 കോളുകളും ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 119 കോളുകളും ലഭിച്ചു.