ഒാസ്ലോ: നോര്‍വെയില്‍ മുസ്ലിം പള്ളിയില്‍ വെടിവെപ്പ് കേസില്‍ പ്രതിക്ക് 21 വര്‍ഷം തടവുശിക്ഷ നല്‍കാന്‍ പ്രോസിക്യൂഷന്‍ ശിപാര്‍ശ. 22കാരനായ ഫിലിപ്പ് മാന്‍ഹൗസിനാണ് 21 വര്‍ഷം തടവുശിക്ഷ നല്‍കാന്‍ നോര്‍വീജിയന്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്.
പ്രതിക്കെതിരെ കൊലപാതകം, ഭീകര പ്രവര്‍ത്തനം എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയത്. പ്രതി അപകടകാരിയാണെന്ന് പ്രോസിക്യൂട്ടര്‍ ജൊഹാന്‍ ഒാവര്‍ബെര്‍ജ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഒാസ്ലോക്ക് സമീപത്തെ അല്‍ നൂര്‍ പള്ളിയില്‍ വെടിവെപ്പ് നടത്തിയ ഫിലിപ്പ് മാന്‍ഹൗസ് 2019 ആഗസ്റ്റ് 19നാണ് അറസ്റ്റിലായത്. ബുള്ളറ്റ് പ്രൂഫ് വസ്ത്രവും കാമറ ഘടിപ്പിച്ച ഹെല്‍മറ്റും ധരിച്ചെത്തിയ പ്രതി പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പെരുന്നാളിനായി വിശ്വാസികള്‍ തയാറെടുക്കുന്ന സമയത്തായിരുന്നു ആക്രമണം. വെടിവെപ്പ് 65കാരനടക്കം പ്രാര്‍ഥനക്ക് എത്തിയ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. വീട്ടില്‍ വെച്ച് 17കാരിയായ അര്‍ധ സഹോദരിയെ കൊലപ്പെടുത്തിയ ശേഷമായിരുന്നു പ്രതി പള്ളിയിലെത്തിയത്.
2019 മാര്‍ച്ചില്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ നിന്ന്പ്രചോദനം ഉള്‍കൊണ്ടാണ് വെടിവെപ്പ് നടത്തിയതെന്ന് ഫിലിപ്പ് മാന്‍ഹൗസ് വെളിപ്പെടുത്തിയിരുന്നു. അന്ന് രണ്ട് മുസ്ലിം പള്ളികളില്‍ പ്രതി ബ്രെന്‍റന്‍ ടരന്‍റ് നടത്തിയ വെടിവെപ്പില്‍ 51 പേരാണ് കൊല്ലപ്പെട്ടത്.