മുംബൈ: കറന്‍സി നോട്ടുകള്‍ വഴി കൊവിഡ് പടരുമെന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തവരുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഒഫ് ഓള്‍ ഇന്ത്യന്‍ ട്രേഡേഴ്‌സ് (സിഎഐടി). കറന്‍സി നോട്ടില്‍ വൈറസ് ദീര്‍ഘനാള്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ധാരാളം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇക്കാര്യത്തില്‍ ആധികാരികമായി വ്യക്തവരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനോട് സിഎഐടി ഭാരവാഹികള്‍ ആവശ്യപ്പെട്ടത്.

കറന്‍സി നോട്ടുകള്‍ക്ക് അണുബാധയുടെ വാഹകരായി പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച്‌ ആരോഗ്യമന്ത്രി വ്യക്തമാക്കണം.രോഗാണുക്കള്‍ നോട്ടില്‍ പറ്റിപ്പിടിച്ചിരിക്കുമെന്നത് ശരിയാണെങ്കില്‍ അത് പ്രതിരോധിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിനാണ് വ്യക്തത ആവശ്യപ്പെടുന്നതെന്നും സിഎഐടി പറഞ്ഞു.സര്‍ക്കാരിനും നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കാവുന്നതാണ്.അത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതല്‍ സഹായകരമാകുമെന്നും വ്യാപാര സംഘടന വ്യക്തമാക്കി.

അണുബാധകളുടെ വാഹകരായി കറന്‍സി നോട്ടുകള്‍ പ്രവര്‍ത്തിക്കുമെന്ന അവകാശവാദമുന്നയിച്ച്‌ ആഭ്യന്തര, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പണമിടപാട് നടത്തുന്ന വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് വ്യക്തത ആവശ്യപ്പെട്ടത്. പരിചയമില്ലാത്ത നിരവധി ആളുകളുമായുമായി ദിവസവും വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതാണ്. ഇവരൊക്കെ എങ്ങനെയുള്ള ആളുകള്‍ ആണെന്നോ, എവിടുന്ന് വരുന്നേന്നോ അറിയില്ല, ഇത്തരമൊരു സാഹചര്യത്തില്‍ കറന്‍സി നോട്ടിലെ അണുബാധയെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും സിഐഎടി വ്യക്തമാക്കി.