സോള്‍: കൊറോണവൈറസിനെ അതിജീവിച്ചവരെന്ന് കരുതിയ ദക്ഷിണ കൊറിയയില്‍ കാര്യങ്ങള്‍ കൈവിടുന്നത്. പുതിയ കേസുകളുടെ കുത്തൊഴുക്കാണ് രാജ്യത്തുള്ളത്. രാത്രി ജീവിതം വലിയ ഭയമാണ് ദക്ഷിണ കൊറിയക്ക് സമ്മാനിക്കുന്നത്. 35 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് കൊറോണവൈറസിന്റെ രണ്ടാം തരംഗമാണ് ഇതെന്ന ഭയമാണ് ഉയര്‍ന്ന് വരുന്നത്. വിദഗ്ധരും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. അതേസമയം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അടക്കം കാറ്റില്‍പറത്തിയുള്ള ദക്ഷിണ കൊറിയയുടെ ജീവിത രീതി തലസ്ഥാന നഗരിയായ സോളിനെ അടക്കം ബാധിച്ചിരിക്കുകയാണ്.
കഴിഞ്ഞ 48 മണിക്കൂറായി പുതിയ കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ 69 കേസുകളാണ് ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സോളിലെ നിശാക്ലബുകളും ബാറുകളുമായി ബന്ധപ്പെട്ടാണ് ഇതില്‍ ഭൂരിഭാഗം പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ കൊറിയന്‍ പാര്‍ട്ടി ലൈഫിന്റെ ഭാഗമാണ് ഈ ക്ലബുകള്‍. നാലായിരത്തോളം പേരെ ഈ ക്ലബുകളില്‍ നിന്നാണ് പരിശോധനകള്‍ക്ക് വിധേയരാക്കിയിരിക്കുകയാണ്. എന്നാല്‍ ഇവരുമായി ബന്ധപ്പെട്ട് മൂവായിരം പേരെ ഇനിയും കണ്ടെത്താനുണ്ട്. സോള്‍ പോലുള്ള ജനസാന്ദ്രത ഏറെയുള്ള മേഖലകളില്‍ രോഗവ്യാപനം കുറയ്ക്കുകയാണ് ദക്ഷിണ കൊറിയ ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി ചുംഗ് സൈ ക്യുന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. പ്രാദേശിക ഭരണകൂടങ്ങളുടെ സഹകരണവും ക്യൂന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസുമായി ചേര്‍ന്ന് ക്ലബിലെത്തിയ ബാക്കിയുള്ളവരെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് ആവശ്യം. ഇതില്‍ പലരും ടെസ്റ്റിംഗിന് വിധേയരാവുന്നത് ഒഴിവാക്കാന്‍ വേണ്ടി മുങ്ങി നടക്കുകയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇവരെ വേഗം കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിര്‍ദേശം. അതേസമയം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങളില്‍ ദക്ഷിണ ഇളവുകള്‍ വരുത്തിയതോടെയാണ് പുതിയ കേസുകളുടെ വര്‍ധനവ് തുടങ്ങിയത്.
അതേസമയം രോഗം ഇല്ലാതായെന്ന രീതിയിലായിരുന്നു ദക്ഷിണ കൊറിയ പ്രവര്‍ത്തിച്ചത്. സ്‌കൂളുകളും വ്യാപാര കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. സോളിലെ വിദ്യാഭ്യാസ വിഭാഗം സൂപ്രണ്ട് സ്‌കൂളുകള്‍ തുറക്കുന്നത് ഒരാഴ്ച്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലബിലുള്ള എല്ലാവരെയും പരിശോധിക്കണമെന്ന് സോള്‍ മേയര്‍ പാര്‍ക്ക് വോന്‍ സൂണ്‍ ആവശ്യപ്പെട്ടു. പരിശോധനയില്‍ നിന്ന് മുങ്ങുന്നവര്‍ക്ക് പിഴ ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സോളില്‍ രോഗം തിരിച്ചെത്തിയാല്‍ രാജ്യം തന്നെ അപകടത്തിലാവുമെന്ന് സൂണ്‍ പറഞ്ഞു. രാജ്യത്ത് മൊത്തം പതിനായിരത്തിലധികം കേസുണ്ടെങ്കിലും സോളില്‍ വെറും 700ല്‍ താഴെ കേസുകളാണ് ഉള്ളത്. ഒന്നും അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ നല്‍കിയത്.