നൈജീരിയന്‍ സ്‌കൂളില്‍ ആയുധധാരികളുടെ ആക്രമണത്തിന് ശേഷം നാനൂറോളം വിദ്യാര്‍ത്ഥികളെ കാണാതായി. വടക്ക് പടിഞ്ഞാറന്‍ കട്‌സിന സ്റ്റേറ്റിലെ സെക്കന്‍ഡറി സ്‌കൂളിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

വെള്ളിയാഴ്ചയായിരുന്നു ആക്രമണം. എകെ 47 അടക്കമുള്ള ആയുധങ്ങളുമായെത്തിയ ആക്രമികള്‍ വെടിയുതിര്‍ത്തെന്ന് കട്‌സിന സ്റ്റേറ്റ് പൊലീസ് വക്താവ് ഗാംബോ ഇസ്ഹ പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണ സമയത്ത് മൊത്തം 600ഓളം കുട്ടികളാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇതില്‍ 200ഓളം പേര്‍ രക്ഷപ്പെട്ടു. ബാക്കിയുള്ളവരെയാണ് കാണാതായത്.

കാണാതായ കുട്ടികളുടെ വിവരം തേടി സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടെന്നും പൊലീസ് പറഞ്ഞു. കാണാതായ കുട്ടികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. 2014ല്‍ ബൊക്കോഹറാം തീവ്രവാദികള്‍ ചിബോക്കിലെ സ്‌കൂളില്‍ നിന്ന് 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. ആളുകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന നിരവധി സംഭവങ്ങള് നൈജീരിയയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്