കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ മൂന്ന് ഉപദേശകര്‍ക്കും സെക്രട്ടേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവ് ബിഷ്ണു റിമല്‍, വിദേശകാര്യ ഉപദേഷ്ടാവ് രാജന്‍ ഭട്ടാരി, മാധ്യമ ഉപദേഷ്ടാവ് സൂര്യ ദാപ്പ, ചീഫ് പേഴ്സനല്‍ സെക്രട്ടറി ഇന്ദ്ര ഭണ്ഡാരി, സെക്രട്ടേറിയറ്റിലെ ഫോട്ടോഗ്രാഫര്‍ രാജന്‍ കാഫ്‌ലെ എന്നിവര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
നാലുപേര്‍ക്കും ശനിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കാര്‍ക്കും രോഗലക്ഷണമുണ്ടായിരുന്നില്ല. ട്വിറ്ററിലൂടെ ഇവര്‍തന്നെയാണ് രോഗവിവരം അറിയിച്ചത്. തങ്ങളുടെ സമ്പര്‍ക്കത്തിലുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്ന് ഇവര്‍ അഭ്യര്‍ഥിച്ചു. നേരത്തെ ഒലി കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
എന്നാല്‍, ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചശേഷം ഇദ്ദേഹം പരിശേധന നടത്തിയിട്ടില്ല. ഇതെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. കൊവിഡ് സ്ഥിരീകരിച്ചവരുമായി ഒന്നിലധികം തവണ പ്രധാനമന്ത്രി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. അടുത്തിടെയാണ് 68 കാരനായ കെ പി ശര്‍മ ഒലിയെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അതേസമയം, രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപോര്‍ട്ട്.