നീലച്ചിത്ര നിർമ്മാണക്കേസിൽ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ കസ്റ്റഡിയിൽ വിറ്റു. 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡി. ജൂലൈ 19നാണ് കുന്ദ്ര അറസ്റ്റിലായത്. ഇതിനു പിന്നാലെ മൂന്നാമത്തെ തവണയാണ് കസ്റ്റഡി നീട്ടിയത്.

ഇതിനിടെ, അറസ്റ്റിലായതിനു ശേഷം ഇതാദ്യമായി കുന്ദ്രയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ ശില്പ ഷെട്ടി ഭർത്താവിനോട് കയർത്തു എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. “നമുക്ക് എല്ലാമുണ്ടായിരുന്നു. പിന്നെ ഇതിൻ്റെ ആവശ്യം എന്തായിരുന്നു?” എന്ന് കുന്ദ്രയോട് ശില്പ ചോദിച്ചു എന്നാണ് റിപ്പോർട്ടുകൾ. പിന്നീട് നടി കരഞ്ഞു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈംബ്രാബ് പൊലീസ് കണ്ടുകെട്ടിയിരുന്നു. കാൺപൂർ കേന്ദ്രീകരിച്ചുള്ള ബാങ്കിലെ രണ്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഈ അക്കൗണ്ടുകളിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം, വിവിധ സർവ്വറുകളിലെ അശ്ലീല ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് രാജ് കുന്ദ്രയാണെന്ന് വിയാൻ കമ്പനിയിലെ ജീവനക്കാർ മൊഴി നൽകി. ഇതോടെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പും രാജ് കുന്ദ്രക്ക് എതിരെ വരും. ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴിയാണ് വിഡിയോ അപ്‌ലോഡ് ചെയ്തതെന്ന് ജീവനക്കാർ മൊഴി നൽകി. എഫ്.ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്തു. തുടർന്ന് ബോളി ഫെയിം എന്ന മറ്റൊരു ആപ്പിന് രൂപം നൽകിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

കുന്ദ്രയുടെ വളർച്ച

2004 ൽ സക്‌സസ് മാസിക പുറത്ത് വിട്ട ബ്രിട്ടിഷ് ഏഷ്യൻ ധനികരുടെ പട്ടികയിൽ 198 ാം സ്ഥാനത്തായിരുന്നു രാജ് കുന്ദ്ര. ലണ്ടനിൽ ജനിച്ച് വളർന്ന രാജ് കുന്ദ്ര 18ാം വയസിലാണ് ദുബായിലെത്തുന്നത്. പിന്നീട് നേപാളിലെത്തി പശ്മിന ഷാളുകളുടെ വ്യവസായം ആരംഭിക്കുകയും ബ്രിട്ടണിലെ ഭീമൻ ഫാഷൻ സംരംഭങ്ങൾക്ക് വിൽക്കുകയും ചെയ്ത് വ്യവസായ രംഗത്ത് ദശലക്ഷങ്ങൾ കൊയ്തു. 2013ൽ എസൻഷ്യൽ സ്‌പോർട്ട്‌സ് ആന്റ് മീഡിയ എന്ന സ്ഥാപനവും, സത്യുഗ് ഗോൾഡ്, സൂപ്പർ ഫൈറ്റ് ലീഗ്, ബാസ്റ്റ്യൻ ഹോസ്പിറ്റാലിറ്റി എന്നീ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. രാജ് കുന്ദ്രയും സഞ്ജയ് ദത്തും ചേർന്ന് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷ്ണൽ മിക്‌സഡ് മാർഷ്യൽ ആർട്ട്‌സ് ഫൈറ്റിംഗ് ലീഗാണ് സൂപ്പർ ഫൈറ്റ് ലീഗ്. 2012 ജനുവരി 16നായിരുന്നു ഉദ്ഘാടനം. സ്വഛ് ഭാരത് മിഷന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് 2019 ൽ ചാമ്പ്യൻസ് ഓഫ് ചേഞ്ച് പുരസ്‌കാരം രാജ് കുന്ദ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് രാജ് കുന്ദ്ര 2009 ൽ ശിൽപ ഷെട്ടിയെ വിവാഹം ചെയ്യുന്നത്.