ലണ്ടന്‍: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിച്ച്‌ ഇന്ത്യയില്‍ നിന്ന് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയ്‌ക്ക് യു.കെ. കോടതികളില്‍ നിയമപരമായ അവസരങ്ങള്‍ എല്ലാം അവസാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യക്ക് കൈമാറാനുള്ള 2018ലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള മല്ല്യയുടെ അന്തിമ അപ്പീല്‍ വ്യാഴാഴ്ച യു.കെ കോടതി തള്ളി. ഇതോടെയാണ് മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ക്ക് വേഗത കൈവരുന്നത്.

ഇന്ത്യ-ബ്രിട്ടന്‍ ഉടമ്ബടി പ്രകാരം 28 ദിവസത്തിനുള്ളില്‍ മല്ല്യയെ ഇന്ത്യക്ക് കൈമാറാന്‍ സാധിച്ചേക്കുമെന്ന് യു.കെ ആഭ്യന്തര മന്ത്രാലയ സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. മല്ല്യ ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടിയുടെ വായ്‌പയെടുത്താണ് മല്ല്യ രാജ്യം വിട്ടത്. ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ കഴിഞ്ഞ മാസം മല്ല്യ നല്‍കിയ അപ്പീലും കോടതി തള്ളിയിരുന്നു.