ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ തീരുന്ന ഏപ്രില്‍ 14 വരെ സംസ്ഥാനത്തിലെ 15 ജില്ലകള്‍ പൂര്‍ണമായി അടച്ചിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.

അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്തവിധമാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഇവര്‍ ഹോം ഡെലിവറിയെ ആശ്രയിക്കേണ്ടി വരും. നിലവില്‍ അനുവദിച്ചിട്ടുളള പാസുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വാരാണസി ഉള്‍പ്പെടെയുളള ജില്ലകളെ അടച്ചിടാന്‍ തീരുമാനിച്ചത്. കാന്‍പൂര്‍, ആഗ്ര, ബുദ്ധാ നഗര്‍, ഗാസിയാബാദ്, സഹരാന്‍പൂര്‍, മീററ്റ്, സീതാപൂര്‍, ഫിറോസാബാദ്, ബറേലി, ഷാംലി എന്നിവയാണ് മറ്റു ജില്ലകള്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

നിലവില്‍ സംസ്ഥാനത്ത് 334 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 26 പേര്‍ക്ക് രോഗം ഭേദമായി. നാലുപേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ച്‌ മരിച്ചത്.