കൊച്ചി: സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണ പൊലീസില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പരിശോധനയ്ക്കായി പൊലീസെത്തുമ്പോള്‍ കൊച്ചി കലൂരിലെ ഫ്‌ളാറ്റില്‍ റാണയുണ്ടായിരുന്നു. പൊലീസ് മുകളിലേക്ക് കയറിയപ്പോള്‍ റാണ ലിഫ്റ്റില്‍ കയറി രക്ഷപെടുകയായിരുന്നു. ഇവിടെ നിന്ന് നാല് കാറുകള്‍ പൊലീസ് പിടിച്ചെടുത്തു.
‘സേഫ് ആന്റ് സ്‌ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം നടത്തിയ പ്രവീണ്‍ റാണ നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തൃശൂര്‍, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. നൂറിലേറെ ജീവനക്കാരാണ് അവിടെ പ്രവര്‍ത്തിക്കുന്നത്.
വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപങ്ങളും വാങ്ങിക്കൂട്ടിയിരുന്നു. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാല്‍പ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനമാണ് ഇയാള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത്. ഇയാള്‍ക്കെതിരെ ഇരുപതിലേറെ കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ പലരില്‍ നിന്നായി തട്ടിയെടുത്തെന്നാണ് പരാതി.