ഒമാൻ: നാട്ടിലേക്ക് വരാൻ ഇരിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന ഒരു വാർത്തയാണ് ഒമാനിൽ നിന്നും എത്തുന്നത്. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുറയുന്നു. വേനൽ അവധിക്കാല സീസൺ കഴിയുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. ഒമാൻ- കേരള സെക്ടറിലേക്കാണ് നിരക്ക് കുറഞ്ഞിരിക്കുന്നത്.

100 റിയാൽ ആയിരുന്നു കഴിഞ്ഞ മാസം ഒമാനിൽ നിന്നും നാട്ടിലേക്ക് വരാനുള്ള നിരക്ക്. എന്നാൽ ഇപ്പോൾ 32 റിയാൽ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇനിയും ടിക്കറ്റ് നിരക്ക് കുറയാൻ ആണ് സാധ്യതയെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ചെറിയ വരുമാനക്കാർ ആയ പ്രവാസികൾക്ക് താങ്ങാൻ സാധിക്കാത്ത ടിക്കറ്റ് നിരക്ക് ആയിരുന്നു കഴിഞ്ഞ ആഴ്ചവരെ. പെട്ടെന്ന് ഒരു ആവശ്യത്തിന് നാട്ടിലേക്ക് വരാൻ നിന്നവർക്കും വലിയ വെല്ലുവിളിയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ടിക്കറ്റ് നിരക്ക്.

അടുത്ത ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് നോക്കിയപ്പോൾ എയർ ഇന്ത്യ എക്സ്പ്രസിന് മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്ക് 32.2 റിയാലിന് ടിക്കറ്റ് ലഭിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിൽ നോക്കിയപ്പോൾ ആണ് ഇത്രയും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചത്. മടക്ക യാത്രക്കാണ് ടിക്കറ്റ് നോക്കുന്നതെങ്കിൽ 67 റിയാലിനും ടിക്കറ്റ് ലഭിക്കും.

മസ്കറ്റിൽ നിന്നും കണ്ണൂർ 35.2 റിയാലാണ് ടിക്കറ്റ് നിരക്ക് വരുന്നത്. കണ്ണൂരിൽ നിന്നും 63.756 റിയാലിന് യാത്ര ചെയ്യാനുള്ള ടിക്കറ്റ് നിരക്ക് ലഭിക്കും. മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് 45 റിയാലിന് ടിക്കറ്റുകൾ ലഭിക്കും. മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക് 49.2 റിയാലിനും ടിക്കറ്റുകൾ ലഭിക്കും. കോഴിക്കോട്, കണ്ണൂർ സെക്ടറുകൾ പോലെയല്ല, കൊച്ചി, തിരുവനന്തപുരം സെക്ടറിലേക്ക് എപ്പോഴും ചെറിയ നിരക്ക് വർധനവ് ഉണ്ടായിരിക്കും.

മസ്കറ്റിലേക്ക് തിരുവനന്തപുരം വഴി പോകുകയാണെങ്കിൽ 96.765 റിയാലും കൊച്ചിയിൽ നിന്ന് 92 റിയാലുമാണ് ഇപ്പോൾ കാണിക്കുന്ന കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ. ഓഫ് സീസൺ കാലത്തെ ടിക്കറ്റ് നിരക്കുകൾ എല്ലാ എയർലെെൻസിലും ഏകദേശം ഒരുപോലെയാണ്. ഒമാൻ എയറിലും സലാം എയറിലുമെല്ലാം ഈ നിരക്കുകൾക്ക് അടുത്ത് തന്നെ ഈടാക്കുന്നുണ്ട്.

വരും ആഴ്ചയിൽ നിരക്ക് കുറയുമെങ്കിലും സെപ്തംബർ പകുതിയോടെ നിരക്ക് കൂടും. ഓണത്തിന് ഒഴിവിനായി നാട്ടിലേക്ക് വരുന്ന നിരവധി പേർ ഉണ്ട്. പിന്നീട് വർധനവ് ഡിസംബറിലെ സീസൺ സമയത്ത് മാത്രമായിരിക്കും. സലാം എയർ 25 റിയാലിന് വരെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ അനുഗ്രഹമാണ്. കേരളത്തില്‍ കോഴിക്കോട്ടേക്കാണ് സലാം എയര്‍ സര്‍വീസുള്ളത്. അവർ ഓഫർ പ്രഖ്യാപിച്ച സമയത്ത് തന്നെ പല മലയാളികളും ടിക്കറ്റ് എടുത്തുവെച്ചിട്ടുണ്ട്.