നാടിന്റെ പുരോഗതിയും വികസന നേട്ടങ്ങളും ജനങ്ങള്‍ അനുഭവിച്ചറിയുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ മുഴുവന്‍ ജനങ്ങളെയും ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് കാലത്ത് വലിപ്പച്ചെറുപ്പമില്ലാതെ മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തു. സൗജന്യ ചികിത്സ നടത്തുന്നു. സൗജന്യ കൊവിഡ് ചികിത്സ നടത്തുന്ന സംസ്ഥാനമെന്നത് ലോകം തന്നെ അംഗീകരിച്ചതാണ്. സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തും. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അവ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ജനങ്ങള്‍ ഇത് മനസിലാക്കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുക.