കൊല്ലം : നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ ഫെയ്സ് ബുക്ക്‌ സുഹൃത്തിനെ വെള്ളിയാഴ്ച ചോദ്യം ചെയ്തു. അതേസമയം രേഷ്മയുടെ 15-ലധികം ഡിലീറ്റ് ചെയ്ത ഫെയ്സ് ബുക്ക് അക്കൗണ്ടുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഇരുവരുടെയും മൊബൈല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യംചെയ്തേക്കുമെന്നാണ് സൂചന.

ഗ്രീഷ്മയുടെ ഫെയ്സ് ബുക്ക്‌ ഫ്രണ്ടായ പാരിപ്പള്ളി സ്വദേശിക്ക് ഗ്രീഷ്മയുമായി ഏറെ അടുത്ത ബന്ധമുള്ളതായാണ് സൂചന. ഇയാളെ മൂന്നുമണിക്കൂറോളം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ചോദ്യംചെയ്യാനായി വിളിപ്പിച്ച ആര്യയോടൊപ്പമാണ് ഗ്രീഷ്മ ആത്മഹത്യചെയ്തത്. കേസില്‍ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ രേഷ്മയുടെ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായ ആര്യയുടെയും ഗ്രീഷ്മയുടെയും ആത്മഹത്യയെത്തുടര്‍ന്ന് വഴിമുട്ടിയ കേസില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് നിര്‍ണായകവിവരങ്ങള്‍ ശേഖരിച്ചത്.

രേഷ്മ ഫെയ്‌സ് ബുക്കില്‍ നിരവധി അക്കൗണ്ടുകള്‍ തുറക്കുകയും കുറച്ചുകാലം കുറെ സുഹൃത്തുക്കളെ ഉള്‍പ്പെടുത്തി ചാറ്റ്‌ ചെയ്തശേഷം ഈ അക്കൗണ്ടുകള്‍ ഒഴിവാക്കുകയും ചെയ്തിട്ടുള്ളതായാണ് പോലീസിനു ലഭിച്ച വിവരം.