തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം. സി പി എം അനുകൂല സംഘടനയായ കെ ജി എന്‍ എയും, പ്രതിപക്ഷ സംഘടനയായ കെ ജി എം യുവുമാണ് ആശുപത്രി വളപ്പില്‍ പ്രതിഷേധിച്ചത്. കൊവിഡ് വാര്‍ഡിലെ നഴ്‌സുമാര്‍ക്ക് പത്തു ദിവസം ജോലി ചെയ്താല്‍ 14 ദിവസം ക്വാറന്റൈന്‍ അനുവദിക്കുന്നതാണ് രീതി. തുടക്കത്തില്‍ ഇത് പാലിച്ചു പോന്നിരുന്നു. എന്നാല്‍, ഇത് ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉത്തരവിറക്കി. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ആശുപത്രി ജീവനക്കാരുടെ ആരോഗ്യം പരിഗണിക്കാതെയുള്ള നടപടികളാണ് ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്നതെന്നാണ് ആരോപണമുയുര്‍ന്നിരിക്കുന്നത്. എന്നാല്‍, ആശുപത്രി ്‌അധികൃതര്‍ ഇത് നിഷേധിക്കുന്നു. ഐ സി എം ആര്‍ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഉത്തരവെന്നാണ് അവര്‍ പറയുന്നത്.