കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഷംനയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. തൃശൂര്‍ സ്വദേശികളായ ശരത്, അഷറഫ്, റഫീക്ക്, രമേശ് എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വീട്ടിലെത്തിയ സംഘം ഷംനയുടെ വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തുകയും ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വിവാഹ ആലോചനയുമായി വന്നവരാണ് പിന്നീട് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതെന്ന് ഷംന പറയുന്നു.
“ഒരു വിവാഹ ആലോചനയുമായി എത്തിയവരാണ്. ഒരാഴ്ച കൊണ്ട് വീട്ടുകാരുമായി സംസാരിച്ച് അടുത്തു. കോവിഡ് കാലമായതിനാല്‍ നേരിട്ട് പോയി അന്വേഷിച്ചിരുന്നില്ല. പയ്യനോട് ഞാനും ഒന്നു രണ്ടു തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഒരു ദിവസം ഫോണില്‍ വിളിച്ച് ഒരാള്‍ വരും, കുറച്ച് പണം കൊടുത്തുവിടാമോ എന്നു ചോദിച്ചപ്പോഴാണ് എനിക്ക് സംശയം തോന്നിയത്. ഒരു ലക്ഷം രൂപ കൊടുക്കാമോ എന്നു ചോദിച്ചു. സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്,” ഷംന കാസിം മനോരമ ന്യൂസിനോട് പറഞ്ഞു.