നടി വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു. തിങ്കളാഴ്ച നടി ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച ദല്‍ഹിയില്‍ വെച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരിക്കും വിജയശാന്തിയുടെ ബി.ജെ.പി പ്രവേശനം. ഇതിന് മുന്നോടിയായി തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ബണ്ഡി സഞ്ജയ് ദല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

2014 ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദക്ഷിണേന്ത്യന്‍ സിനിമയുടെ അമിതാഭ് ബച്ചന്‍ വിജയശാന്തി അറിയപ്പെട്ടിരുന്നത്. 1997 ല്‍ സജീവരാഷ്ട്രീയത്തിലേക്കിറങ്ങിയ താരം ആദ്യം ബി.ജെ.പിയിലായിരുന്നു.

പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭങ്ങളില്‍ ടി.ആര്‍.എസ് തലവന്‍ കെ.സി.ആറുമായി അടുത്തതോടെ 2009-14 വര്‍ഷങ്ങളില്‍ പാര്‍ട്ടി എം.പിയായി.

രണ്ട് മാസത്തിനിടെ ദക്ഷിണേന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേരുന്ന രണ്ടാമത്തെ സിനിമാതാരമാണ് വിജയശാന്തി.