മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയ്ക്കായി വിടവാങ്ങല്‍ മത്സരത്തിന് തയ്യാറാണെന്ന് ബി.സി.സി.ഐ. ധോണി ആവശ്യപ്പെട്ടാല്‍ നടത്താമെന്ന രാജീവ് ശുക്ലയുടെ പരാമര്‍ശം വലിയ പ്രതിഷേധത്തിന് ‌ഇടയാക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 15നാണ് ധോണി അപ്രതീക്ഷിതമായി വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. തൊട്ടുപുറകേ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തി. ധോണിയെ വേണ്ടപോലെ പരിഗണിക്കുന്നില്ലെന്നും വിടവാങ്ങല്‍ മത്സരം നടത്തി ആദരിക്കണമെന്നുമുള്ള ആവശ്യം പരക്കേ ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിയ ക്യാപ്ടനും, രണ്ടു ലോകകപ്പുകളും ഒരു ചാമ്ബ്യന്‍സ് ലീഗ് കിരീടവും നേടിത്തന്ന താരവുമാണ് ധോണി. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനം കൂടുതല്‍ കാലം നിലനിര്‍ത്തിയതും ധോണി നായകനായിരിക്കേയാണ്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്റിനെതിരെ സെമിഫൈനലില്‍ ഏറ്റ തോല്‍വിയുടെ പേരില്‍ ധോണി വിമര്‍ശനം നേരിട്ടിരുന്നു. ലോകകപ്പിന് ശേഷം ഒരു അന്താരാഷ്ട്രമത്സരത്തിലും കളിക്കാതെ മാറിനിന്ന ധോണി ഇതിനിടെ ടെറിട്ടോറിയല്‍ ആര്‍മിയുടെ പരിശീലനമേഖലയിലേയ്ക്ക് പോയതും വാര്‍ത്തയായിരുന്നു.