ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിസന്ധിയിലായി ടീം ഇന്ത്യ. പാണ്ഡ്യയുമായി അടുത്ത സമ്പർക്കം പുലർത്തിയ 8 താരങ്ങൾ ഐസൊലേഷനിൽ പ്രവേശിച്ചതോടെ ടീമിൽ കളിക്കാൻ ആളില്ലാതായി എന്നാണ് റിപ്പോർട്ട്. ക്യാപ്റ്റൻ ശിഖർ ധവാൻ അടക്കം 4 ബാറ്റ്സ്മാന്മാർ ഐസൊലേഷനിലാണെന്നാണ് സ്പോർട്സ്തക് റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യയുടെ ഫൈനൽ ഇലവനെ കണ്ടെത്തുക ബുദ്ധിമുട്ടാവും.
കൃണാൽ പാണ്ഡ്യ, ശിഖർ ധവാൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡേ, ഹർദ്ദിക് പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, യുസ്വേന്ദ്ര ചഹാൽ, ദേവദത്ത് പടിക്കൽ എന്നിവരാണ് ഐസൊലേഷനിലായിരിക്കുന്നത്. ഇതോടെ ടീമിൽ ബാക്കിയുള്ള സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാർ വെറും രണ്ട് പേരായി ചുരുങ്ങി. ഋതുരാജ് ഗെയ്ക്വാദും നിതീഷ് റാണയും. സഞ്ജു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഉണ്ട്. ഇങ്ങനെ ആകെ 3 ബാറ്റ്സ്മാന്മാർ മാത്രമേ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ടീമിൽ ഐസൊലേഷനിൽ അല്ലാത്തവരുള്ളൂ. ദീപക് ചഹാർ, ഭുവനേശ്വർ കുമാർ എന്നിവരെ ഓൾറൗണ്ടർമാരായി പരിഗണിച്ചാൽ ചേതൻ സക്കരിയ, നവദീപ് സെയ്നി, രാഹുൽ ചഹാർ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരെ ബൗളർമാരായി ടീമിൽ പരിഗണിക്കേണ്ടിവരും. ബാക്കപ്പ് താരങ്ങൾ ആരും ഇല്ലാത്തതുകൊണ്ട് തന്നെ ഇന്ത്യക്ക് ഫൈനൽ ഇലവനെ തിരഞ്ഞെടുക്കൽ ഏറെ ബുദ്ധിമുട്ടാവും.
ആദ്യ മൽസരത്തിൽ ഇന്ത്യ ശ്രീലങ്കയെ 38 റൺസിനു തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ബൗളർമാരുടെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവെച്ച 165 റൺസിന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 18.3 ഓവറിൽ 126 റൺസിനു എല്ലാവരും പുറത്തായി. ശ്രീലങ്കയ്ക്കായി ചരിത അസരങ്ക 26 പന്തിൽ 44 റൺസുമായി മികച്ച പ്രകടനം നടത്തി. 3.3 ഓവറിൽ 22 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് മാൻ ഓഫ് ദ മാച്ച്. ദീപക് ചാഹർ രണ്ടു വിക്കറ്റ് നേടി.