വളാഞ്ചേരി: വീട്ടില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്തതുകൊണ്ടാണ് ദേവിക ആത്മഹത്യചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്ന് സ്കൂളിലെ അധ്യാപികമാര്‍ പറഞ്ഞു. ക്ലാസിന്റെ ചുമതലയുള്ള അധ്യാപകന്‍ വിളിച്ചപ്പോള്‍ വീട്ടിലെ ടിവി കേടാണെന്ന് ദേവിക അറിയിച്ചു. എന്നാല്‍, ക്ലാസ് മുടങ്ങാതിരിക്കാന്‍ സ്കൂള്‍ അധികൃതര്‍ എല്ലാവിധ സൗകര്യങ്ങളും ഉറപ്പുനല്‍കിയിരുന്നു. ഇപ്പോള്‍ നടക്കുന്ന ക്ലാസുകള്‍ അടുത്ത ആഴ്ച ആവര്‍ത്തിക്കുമെന്നും ആശങ്കവേണ്ടെന്നും തിങ്കളാഴ്ച സ്കൂളിലെത്തിയ അച്ഛനോടും അധ്യാപകര്‍ പറഞ്ഞു.

ക്ലാസില്‍ നന്നായി പഠിക്കുന്ന കുട്ടിയാണ് ദേവിക. അയ്യങ്കാളി സ്കോളര്‍ഷിപ്പും നേടിയിട്ടുണ്ട്. സ്കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നുവെന്ന് അധ്യാപികമാരായ കെ ജീജയും സി പി ഷാജിദയും പറഞ്ഞു.