ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കുട്ടികളോട് മാതാപിതാക്കൾക്കുള്ള കരുതലാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ചിത്രമായ ‘കവുണ്ടംപാളയം’ സേലത്തെ കരുപ്പൂരിലെ തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. അതിനിടെയാണ് ദുരഭിമാനക്കൊലയെക്കുറിച്ച് നടനോട് മാധ്യമപ്രവർത്തകർ ചോദിച്ചത്. ദുരഭിമാനക്കൊലയെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം കരുപ്പൂരിലെ തിയേറ്ററിന് പുറത്ത് മാധ്യമങ്ങളെ കണ്ടു.
‘മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാൽ, എന്താണ് സംഭവിച്ചതെന്ന് നമ്മൾ അന്വേഷിക്കില്ലേ. കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കൾ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള അവരുടെ കരുതൽ മാത്രമാണ്”- രഞ്ജിത്ത് ന്യായീകരിച്ചു
നടന്റെ പരാമർശത്തിനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്. ദുരഭിമാനക്കൊലയ്ക്കെതിരേ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്താവനയെ അപലപിച്ചു. പ്രത്യേകിച്ചും ദുരഭിമാനക്കൊല തടയാൻ പുതിയ നിയമം കൊണ്ടുവരാൻ സംഘടനകൾ വർഷങ്ങളായി പോരാടുകയാണ്.
ഇതാദ്യമായല്ല രഞ്ജിത്ത് വിവാദ പ്രസ്താവനകളുടെ പേരിൽ പ്രതിസന്ധിയിലാകുന്നത്. നേരത്തെ, ഹാപ്പി സ്ട്രീറ്റിനെക്കുറിച്ച് (ഒരു തെരുവിൽ നിരവധി ഷോകൾ നടത്തുന്ന ഒരു പരിപാടി) സംസാരിച്ചപ്പോൾ ചെറിയ വസ്ത്രം ധരിച്ച് സ്ത്രീകൾ എല്ലാവരുടെയും മുന്നിൽ നൃത്തം ചെയ്യുന്നതിനെ മോശമായി ചിത്രീകരിക്കുന്ന പരാമർശം നടത്തി വിവാദം സൃഷ്ടിച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമകളിലും സ്ത്രീകളെ കേവലം വസ്തുക്കളായി മാത്രം കാണുന്ന പരാമർശങ്ങളുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത്.