ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഗവർണർ ആർ.എൻ. രവിയുടെ അസാധാരണ നീക്കം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രസംഗിക്കുന്നതിനിടെ ഗവർണർ സഭയിൽനിന്നും ഇറങ്ങിപ്പോയി.
ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിനിടെ സർക്കാർ തയാറാക്കിയ ചില ഭാഗങ്ങൾ ഒഴുവാക്കുയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പ്രസംഗം മാത്രമേ സഭയില്‍ രേഖപ്പെടുത്തൂവെന്നും ഇതില്‍ ഗവര്‍ണര്‍ ചേര്‍ത്ത ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി സ്റ്റാലിന് സ്പീക്കറോട് ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ ദ്രാവിഡ മോഡലുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കുകയും അദ്ദേഹത്തിന്റേതായി കുറച്ച് ഭാഗങ്ങള്‍ ചേര്‍ക്കുകയും ചെയ്തതിനെതിരെയായിരുന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രമേയം അവതരിപ്പിച്ചത്.
നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ പൂര്‍ണമായും വായിച്ചിട്ടില്ലെന്നും സ്റ്റാലിന് വിമര്‍ശിച്ചു. ഇതോടെയാണ് ഗവർണർ ആര്.എന്‍. രവി സഭയില്‍ നിന്നും ഇറങ്ങിപ്പോയത്.
ഇന്ന് രാവിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോൾ എംഎൽഎമാർ സഭയിൽ പ്രതിഷേധിച്ചിരുന്നു. മുദ്രാവാക്യം മുഴക്കിയശേഷം ഭരണകക്ഷിയായ ഡിഎംകെ എംഎൽഎമാർ സീറ്റിലിരുന്നു.
ഓണ്‍ലൈന്‍ ചൂതാട്ട നിരോധനത്തിന്റേത് ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പാസാക്കുന്നതില്‍ ഗവര്‍ണര്‍ കാലതാമസം വരുത്തുന്നതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് സഖ്യകക്ഷികളായ കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ), സിപിഐ, സിപിഎം എന്നീ പാര്‍ട്ടികള്‍ നേരത്തെ ഗവര്‍ണറുടെ പ്രസംഗം ബഹിഷ്കരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഗവർണർ നടത്തിയ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ടായിരുന്നു ഇന്ന് എംഎൽഎമാരുടെ പ്രതിഷേധം അരങ്ങേറിയത്. തമിഴ്നാട് എന്ന പേര് കേട്ടാൽ തോന്നുക മറ്റൊരു രാജ്യം എന്നതുപോലെയാണ്. ഒരു രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം നിലനിൽക്കുന്നതുപോലെയാണ്. അതുകൊണ്ട് തമിഴകം എന്ന പേരാണ് തമിഴ്നാടിന് ഉചിതമെന്ന് ഗവർണർ പറഞ്ഞിരുന്നു. ഇതാണ് ഇന്ന് പ്രതിഷേധത്തിനു കാരണമായത്.
നിലവില്‍ നിയമസഭ പാസാക്കിയ 21 ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയിലുണ്ട്.