അഗർത്തല: ത്രിപുരയിൽ കോവിഡ് ചികിത്സയിലുള്ള പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി. പതിനഞ്ചും പതിനാറും വയസ് പ്രായമുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കോവിഡ് കെയർ സെന്ററിലെ ക്ലീനറിനെതിരെ പെൺകുട്ടികൾ വെള്ളിയാഴ്ച പരാതി നൽകി.
പത്ത് ദിവസം മുമ്പ് ഉനകോട്ടി ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ വച്ച് 50 വയസുകാരനായ ക്ലീനർ പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമം 354 (എ), പോക്സോ നിയമത്തിലെ സെക്ഷൻ 08 എന്നിവ പ്രകാരം കേസെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
കരാർ ജോലിക്കാരനാണ് പ്രതിയെന്ന് ഉനകോട്ടി ജില്ലയിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാൾക്കെതിരെ പരാതി വന്നയുടൻ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു.