ഗുണ്ടൂര്‍: ( 08.09.2020) തെലുങ്ക് നടന്‍ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ആന്ധ്രാപ്രദേശ് ഗുണ്ടൂരിലെ വസതിയിലായിരുന്നു അന്ത്യം. ആന്ധ്രാ പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജയപ്രകാശ് 1988ലാണ് ആദ്യസിനിമയില്‍ അഭിനയിക്കുന്നത്.
വെങ്കടേശിന്റെ ബ്രഹ്മ പുത്രുഡുവിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ 10 വര്‍ഷത്തിനു ശേഷം 1999ല്‍ നന്ദമുരി ബാലകൃഷ്ണയുടെ ചിത്രത്തിലൂടെയാണ് മികച്ച ഒരു ബ്രേക്ക് ലഭിക്കുന്നത്. നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേമിന്‍ചുകുന്ദം രാ, സമരസിംഹ റെഡ്ഡി, നരസിംഹ നായിഡു, ചെന്നകേശവ റെഡ്ഡി തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. 2003 ല്‍ ഇറങ്ങിയ കബഡി കബഡി എന്ന സിനിമയിലെ രായലസീമ ശൈലിയിലുള്ള സംസാരം അദ്ദേഹത്തെ വെള്ളിത്തിരയില്‍ കൂടുതല്‍ തിരക്കുള്ള നടനാക്കി. ഏത് തെലുങ്ക് ശൈലിയും അദ്ദേഹത്തിന് അനായാസേന വഴങ്ങുമായിരുന്നു. വില്ലന്‍, കോമഡി വേഷങ്ങളും ജയപ്രകാശിന് ഇണങ്ങിയിരുന്നു. 2008ല്‍ റൊമാന്‍ഡിക് കോമഡി വേഷവും അദ്ദേഹം കൈകാര്യം ചെയ്തു.
തമിഴില്‍ ഇറങ്ങിയ ഉത്തമപുത്രനിലും അഭിനയിച്ചു. തമിഴിലും അദ്ദേഹം തന്നെയാണ് ശബ്ദം നല്‍കിയത്. ആര്, ആഞ്ജനേയ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മഹേഷ് ബാബുവിന്റെ സരിലേരു നീക്കേവാറില്‍ പ്രകാശ് രാജിന്റെ പിതാവായാണ് റെഡ്ഡി അവസാനമായി അഭിനയിച്ചത്.
ഭാര്യ: രാധ, മക്കള്‍, നിരഞ്ജയന്‍, ദുഷ്യന്ത്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജയപ്രകാശ് റെഡ്ഡിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. സിനിമാ താരങ്ങളായ മഹേഷ് ബാബു, എന്‍ ടി ആര്‍, ജനീലിയ ദേശ്മുഖ്, രവി തേജ, ചിരഞ്ജീവി, വെങ്കടേഷ്, രാകുല്‍ പ്രീത് സിംഗ് തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം അറിയിച്ചു.