തൃശൂര്‍: കേരളത്തില്‍ വീണ്ടും കോവിഡ് മരണം. രോഗം സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശിയായ 43കാരിയാണ് മരിച്ചത്. തൃശൂര്‍ ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 17 ആയി.
തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ചയും ഒരാള്‍ മരിച്ചിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 87കാരനാണ് ഇന്നലെ മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടനെയായിരുന്നു മരണം. ഇയാളെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേര്‍ നിരീക്ഷണത്തിലാണ്. മുംബൈയില്‍ നിന്നെത്തിയ വയോധിക നേരത്തെ തൃശൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ദ്രുതപരിശോധന നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ സാമൂഹ്യവ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് ദ്രുതപരിശോധന ഏറെ നിര്‍ണായകമാണ്. ലക്ഷണങ്ങളില്ലാത്ത രോഗികളെ തിരിച്ചറിയാല്‍ ദ്രുതപരിശോധനയിലൂടെ സാധിക്കും.
ഇന്നുമുതലാണ് പരിശോധന നടക്കുക. ആരോഗ്യപ്രവര്‍ത്തകരെയാണ് ആദ്യം പരിശോധിക്കുക. അതിനുശേഷം പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും പരിശോധനയ്‌ക്ക് വിധേയമാക്കും. വഴിയോരക്കച്ചവടക്കാര്‍, വീടുകളില്‍ ക്വാറന്റെെനില്‍ കഴിയുന്നവര്‍, 65 വയസ്സിനു മുകളിലുള്ളവര്‍ എന്നിവരെയും ആന്റിബോഡി ടെസ്റ്റിനു വിധേയമാക്കും.
രക്തമെടുത്ത് പ്ലാസ്‌മ വേര്‍തിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുതപരിശോധന നടത്തുക. അഞ്ച് എംഎല്‍ രക്തമാണ് പരിശോധനയ്‌ക്കായി എടുക്കുക. പരിശോധനയില്‍ ഐജിജി പോസിറ്റീവ് ആയാല്‍ രോഗം വന്നിട്ട് കുറച്ച് നാളായെന്നും അതിനെതിരെയുള്ള പ്രതിരോധശേഷി അയാള്‍ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. അതേസമയം, ഐജിഎം പോസിറ്റീവ് ആണെങ്കില്‍ ഇയാള്‍ക്ക് രോഗം വന്നിട്ട് അധികം ദിവസം ആയിട്ടില്ലെന്നാണ് അര്‍ത്ഥം. ഇവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കണം.