അഞ്ചല്‍: തുടരെയുണ്ടായ വിവാദങ്ങള്‍ പോലീസ് സേനയുടെ മാനം കെടുത്തിയതിനിടെ അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിന് സ്ഥാന ചലനം. സിഐ നിരന്തരമുണ്ടാക്കിയ നിരുത്തരവാദപരമായ പ്രവൃത്തികള്‍ പോലീസിനുള്ളില്‍ത്തന്നെ ചര്‍ച്ചയായിരുന്നു. ഏറത്ത് ഉത്രയെ പാമ്ബു കടിപ്പിച്ച്‌ കൊന്ന സംഭവത്തില്‍ രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ ഗൗരവമായി അന്വേഷിക്കാനോ തെളിവുകള്‍ ശേഖരിക്കാനോ ശ്രമിക്കാതെ സിഐ ഒത്തുകളിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഇതു സംബന്ധിച്ച്‌ ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പി എസ്. ഹരിശങ്കറെ സമീപിച്ചതാണ് കേസില്‍ വഴിത്തിരിവുണ്ടായത്. വനിതാ കമ്മീഷനും മാധ്യമങ്ങളും സിഐയുടെ സമീപനത്തിനെതിരെ രംഗത്തുവന്നിരുന്നു.

അടുത്തിടെ ഇടമുളയ്ക്കലില്‍ ദാരുണമായി മരണപ്പെട്ട ദമ്ബതികളുടെ മൃതശരീരങ്ങളോടും ഇദ്ദേഹം അവഹേളനം കാട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കാതെ വീട്ടില്‍ പോവുകയും ഇന്‍ക്വസ്റ്റില്‍ ഒപ്പിടാന്‍ മൃതദേഹം അടങ്ങുന്ന ആംബുലന്‍സ് വീട്ടിലേക്ക് വിളിപ്പിച്ചെന്നും കാട്ടി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയ പക്ഷപാതിത്വവും കരുണയില്ലാത്ത പെരുമാറ്റവും മൂലം സുധീറിനെതിരെ മുമ്ബും പരാതി ഉയര്‍ന്നിട്ടുണ്ട്. പുതിയ സിഐ ആയി എല്‍. അനില്‍കുമാര്‍ ഉടന്‍ ചാര്‍ജ്ജെടുക്കും. ഉത്രയുടെ മരണത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ അഞ്ചല്‍ എസ്‌ഐ പുഷ്പകുമാറിന് സിഐയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ വയനാട്ടേക്കാണ് മാറ്റിയിരിക്കുന്നത്. അഞ്ചല്‍ സിഐയെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറും ആവശ്യപ്പെട്ടിരുന്നു.