ശബരിമല: ശബരിമലയില്‍ ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയില്‍ 18 പൊലീസുകാര്‍ക്കും ദേവസ്വം ജീവനക്കാര്‍ ഉള്‍പ്പെടെ 16 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശബരിമലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 254 ആയി. സന്നിധാനം, പമ്ബ , നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 48 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പി‍ഡ് പരിശോധനയില്‍ 36 പേ‍ര്‍ക്ക് കൊവിഡ് കണ്ടെത്തി. 18 പോലീസ് ഉദ്യോഗസ്ഥ‍ര്‍, 17 ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ , ഒരു ഹോട്ടല്‍ ജീവനക്കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. നിലക്കലില്‍ ഏഴ് പൊലീസുകാരുള്‍പ്പടെ പതിനൊന്ന് പേര്‍ക്കും പമ്ബയില്‍ ഒരുഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരികരിച്ചു. പമ്ബയിലും നിലക്കലിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം പൊലീസ് മെസ്സുകള്‍ താല്‍ക്കാലികമായി അടച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സന്നിധാനത്ത് കോവിഡ് രോഗ നിര്‍ണയ ക്യാമ്ബ് നടത്തി. കഴിഞ്ഞ 14 ദിവസമായി സന്നിധാനത്ത് ജോലി ചെയ്യുന്ന എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെയും പരിസര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കോവിഡ്-19 ആന്‍റിജന്‍ പരിശോധന നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ വരും ദിവസങ്ങളില്‍ സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പറഞ്ഞു.