തിരുവനന്തപുരം വെമ്പായത്ത് അമ്മയേയും മകളേയും പുറത്താക്കി നാട്ടുകാര്‍ വീട് പൂട്ടിയെന്ന് പരാതി. പോക്‌സോ കേസ് നല്‍കിയതിലെ വൈരാഗ്യമാണ് അതിക്രമത്തിന് പിന്നിലെന്നാണ് അമ്മയുടേയും മകളുടേയും പരാതിയില്‍ പറയുന്നത്. പ്രതിയുടെ ബന്ധുക്കളും കൂട്ടാളികളും ചേര്‍ന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് അതിക്രമം കാട്ടിയതെന്നും ആക്ഷേപം ഉണ്ട്.
തിരുവനന്തപുരം വെമ്പായത്ത് വേറ്റിനാടാണ് സംഭവം. കൊല്ലം സ്വദേശികളായ അമ്മയും മകളും താമസിക്കുന്ന വാടകവീട് വെമ്പായം വേറ്റിനാട് കോളനിയിലെ ഒരുകൂട്ടം ആള്‍ക്കാര്‍ പൂട്ടിയിട്ടു. 2017ല്‍ 16 വയസുകാരിയായ മകളെ ഉപദ്രവിച്ചതിന് അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലെ പ്രതിയുടെ ബന്ധുക്കളും കൂട്ടാളികളും ചേര്‍ന്നാണ് വീട് പൂട്ടിയതെന്നാണ് പരാതി. ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അതിക്രമം കാട്ടിയതെന്നാണ് ആക്ഷേപം.അഞ്ചു വര്‍ഷമായി ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചു വരികയാണ്. വീട് മാറി പേകണമെന്ന് ആവശ്യപ്പെട്ട് ഇതിന് മുന്‍പും പ്രതിയുടെ ബന്ധുക്കള്‍ ഇവരെ ഭീക്ഷണിപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും പത്ത് ദിവസത്തിനുള്ളില്‍ വീട് മാറണമെന്ന കരാറിലാണ് അമ്മയേയും മകളേയും മടക്കി അയച്ചത്. പഞ്ചായത്ത് ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വിചിത്രമായ കരാര്‍ ഉണ്ടാക്കിയത്.