തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സിറ്റിംഗ് ഉടന്‍. കേസുമായി ബന്ധപ്പെട്ട് കമ്മീഷന്‍ മുന്‍പാകെ പരാതികളെത്തി തുടങ്ങി. ഇവ പരിശോധിച്ച ശേഷം മൊഴി രേഖപ്പെടുത്തലിലേക്ക് കടക്കും. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കേന്ദ്ര ഏജന്‍സികള്‍ നിര്‍ബന്ധിച്ചെന്ന ആരോപണമാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്.
കമ്മീഷന്‍ നിയമനം ചോദ്യം ചെയ്ത് കേന്ദ്ര ഏജന്‍സികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് നടപടികളുമായി ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്. ഇക്കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി രണ്ട് പരാതികള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ട്. മെയില്‍ മുഖേനയും വേറെ പരാതികള്‍ ലഭിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയടക്കം പരാതികള്‍ കമ്മീഷന്‍ പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ച ശേഷം സിറ്റിംഗ് നടപടികളിലേക്ക് കടക്കും.
അതേസമയം കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥരെ കമ്മീഷന്‍ ആദ്യം വിളിപ്പിക്കില്ല. കോടതി വിധിക്കനുസരിച്ചാകും അതിലെ തുടര്‍നീക്കങ്ങള്‍. നിലവില്‍ പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കലും തെളിവുശേഖരണവുമാണ് കമ്മീഷന്റെ ലക്ഷ്യം.



