തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറടക്കമുള്ള ജീവനക്കാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ സംഘടനകളുടെ തീരുമാനം. സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ മറ്റ് മെഡിക്കൽ കോളജുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും. രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.
ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനകൾ സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഡോക്ടർമാരുടെ നേത്യത്വത്തിലുള്ള റിലേനിരാഹാരസമരം രണ്ടാം ദിവസവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടരുകയാണ്. ഇന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കൊവിഡ് ഇതര ഡ്യൂട്ടികൾ ബഹിഷ്കരിച്ച് സമരം ശക്തമാക്കാനാണ് തീരുമാനം. രോഗികളെ പരിചരിക്കാൻ മതിയായ ആരോഗ്യപ്രവർത്തകരില്ലാത്ത അവസ്ഥയാണ് മെഡിക്കൽ കോളജിലുള്ളതെന്ന് ഡോക്ടർമാർ ആരോപിക്കുന്നു. കൂടാതെ മറ്റ് മെഡിക്കൽ കോളജുകളിലേക്കും സമരം വ്യാപിപ്പിക്കും.
നഴ്സസ്അസോസിയേഷൻ, പിജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ എന്നിവരോട് ചേർന്ന് ജോയിന്റ് ആക്ഷൻ കൗൺസിൽ രൂപീകരിക്കും. ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്ക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. എല്ലാ മെഡിക്കൽ കോളജിലെയും കൊവിഡ് നോഡൽ ഓഫീസർമാർ ഇന്നലെ കൂട്ട രാജിവെച്ചിരുന്നു.
മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നഴ്സുമാരെയും വെള്ളിയാഴ്ചയാണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. അതേസമയം കൂടുതൽ ജീവനക്കാർക്കെതിരെ നടപടി വേണമെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആവശ്യം.