തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടമര്‍ക്ക് പുറമെ നഴ്‌സുമാരും ഇന്ന് റിലെ സത്യഗ്രഹ സമരം തുടങ്ങും. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കാന്‍ അവശ്യപ്പെടുന്നതോടൊപ്പം, ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്‍റീന്‍ റദ്ദാക്കിയതിലും പ്രതിഷേധിച്ചാണ് സമരം. ഡോക്ടര്‍മാരും 48 മണിക്കൂര്‍ റിലെ സത്യാഗ്രഹസമരം തുടരുകയാണ്. ഇന്നലെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്‍റീന്‍ റദ്ദാക്കി, അവധി മറ്റു സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമാക്കി മാര്‍ഗനിര്‍ദേശം ഇറങ്ങിയത്.

ഐസിഎംആര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഇതെന്നാണ് വിശദീകരണം. കൊവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്. മുമ്പ്‌ ലഭിച്ചിരുന്ന നിര്‍ദിഷ്ട ഓഫ് ഇനി മുതല്‍ കിട്ടില്ലെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര മാര്‍ഗ രേഖ പിന്തുടര്‍ന്നാണ് തീരുമാനമാണെന്നാണ് വിശദീകരണം.

പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള അവധി ദിവസങ്ങള്‍ ഇനി മുതല്‍ ലഭിക്കില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ അവധികള്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് തുല്യമാക്കി. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരാകാന്‍ സാധ്യതയുള്ള നിര്‍ദേശങ്ങളാണ് വന്നിരിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം വരുന്ന സാഹചര്യം ഉണ്ടായാല്‍ നിരീക്ഷണത്തില്‍ വിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ അതാത് ആശുപത്രികളിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കും.