തിരുവനന്തപുരംഅമ്പൂരി കൊമ്പയില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം.അമ്പൂരി പേരങ്കല്‍ സെറ്റില്‍മെന്റിലെ ഷിജു കാണി ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്ന് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഈറ്റയും കാട്ടുവള്ളിയും ശേഖരിക്കാന്‍ പോയ നാലംഗ സംഘം കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു.കൂട്ടത്തിലെ ഏഴാം ക്ലാസുകാരന് ഷിജു കാണിയെ കാട്ടാന തുമ്പിക്കൈയില്‍ കോരി നിലത്തടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഷിജു പറയുന്നു.
സംഘാംഗങ്ങള്‍ ഷിജുവിനെ ആനയുടെ മുന്നില്‍ നിന്ന് എടുത്ത് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. അമ്പൂരി പേരങ്കല്‍ സെറ്റില്‍മെന്റ് കോളനിയിലെഗോപു – ബിന്ദു ദമ്പതികളുടെ ഇളയ മകനാണ് മരിച്ച ഷിജു കാണി. പതിനാല് വയസാണ് ഷിജുവിന്. കൂട്ടത്തിലുണ്ടായിരുന്ന അലന്, ശ്രീജിത്ത്, ഷിജു എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊമ്പയില്‍ നിന്ന് നടന്നാണ് ഇവര്‍ നെയ്യാര്‍ ജലസംഭരണിക്ക് സമീപമെത്തിയത്. വനം വകുപ്പിന്റെ ബോട്ടില്‍ ഇവരെ ഇക്കരെയെത്തിച്ച ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.അതേസമയം മൂന്ന് പിടിയും ഒരു കൊമ്പനുമടങ്ങിയ കാട്ടാനക്കൂട്ടം ഇപ്പോഴും സെറ്റില്‍മെന്റ്് പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിട്ടുള്ളതായി ഊരുവാസികള്‍ പറയുന്നു.