കോട്ടയം : താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച്‌ ഭാര്യയെ കൊലപ്പെടുത്തിയത് തലയ്ക്ക് ഭാരമേറിയ വസ്തുകൊണ്ട് അടിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഷീബയുടെ തല പുറമെ ചതഞ്ഞ്, തലയോട് പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. മോഷണം മാത്രമല്ല ലക്ഷ്യമെന്നും, വീടുമായി അടുപ്പമുള്ളവരാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.

തിങ്കളാഴ്‌ച രാവിലെ 9 നും 10 നും ഇടയിലാണ് മുഹമ്മദ് സാലിയേയും (65), ഷീബയേയും (60) അക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. മോഷ്ടിച്ച കാറുമായി പ്രതി താഴത്തങ്ങാടിയിലെ പ്രധാന റോഡിലേയ്‌ക്ക് കയറുന്ന സി.സി.ടി.വി ദൃശ്യം സമീപത്തെ വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കാര്‍ കുമരകം വഴി വൈക്കം ഭാഗത്ത് എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഷീബയുടെയും, സാലിയുടെയും മൊബൈല്‍ ഫോണുകളും, ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും കാണാതായിട്ടുണ്ട്. പരിചയക്കാരെ മാത്രമേ ഇവര്‍ വീട്ടില്‍ കയറ്റിയിരുന്നുള്ളൂ. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതി കൂടുതല്‍ സമയം വീടിനുള്ളില്‍ ചെലവഴിച്ചതായും സൂചനയുണ്ട്. കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനാണ് അന്വേഷണ ചുമതല. ഷീബയുടെ മൃതദേഹം താജ് ജുമാ മസ്ജിദില്‍ സംസ്കരിച്ചു.

നിലയില്‍ മാറ്റമില്ലാതെ സാലി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സാലിയുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാലിയുടെ മൊഴി നിര്‍ണായകമാണ്.

തടി മുതല്‍ ദണ്ഡുവരെയാകാം

തലയ്ക്ക് അടിച്ചത് ഭാരമുള്ള തടിയോ മരക്കഷ്ണമോ ദണ്ഡോ ആവാം

 അടിക്കാനുപയോഗിച്ച വസ്തുമോഷ്ടാവ് കൊണ്ടുപോയി

 ഷീബയുടെ തലയോട് തകര്‍ന്നു, മൂക്കിലും വായിലും ചെവിയിലും രക്തം വാര്‍ന്നൊഴുകി

 സാലിയുടെയും മൂക്കിന്റെ പാലവും തലയോടും പൊട്ടി