ചാരുംമൂട് : സ്ത്രീധനത്തിനെതിരേ മാതൃകയായി സതീഷ് സത്യന്റെയും ശ്രുതിരാജിന്റെയും വിവാഹം. മാതാപിതാക്കള്‍ ശ്രുതിക്കു വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിക്കൊണ്ടാണ്‌ സതീഷ് മാതൃകയായത്. നൂറനാട് പള്ളിക്കല്‍ ഹരിഹരാലയത്തില്‍ കെ.വി. സത്യന്‍- ജി. സരസ്വതി ദമ്ബതിമാരുടെ മകന്‍ സതീഷ് സത്യനും നൂറനാട് പണയില്‍ ഹരിമംഗലത്ത് പടീറ്റതില്‍ ആര്‍. രാജേന്ദ്രന്‍-പി. ഷീല ദമ്ബതിമാരുടെ മകള്‍ ശ്രുതിരാജുമായുള്ള വിവാഹം വ്യാഴാഴ്ച പണയില്‍ ദേവീക്ഷേത്രത്തിലാണു നടന്നത്.

വധുവണിഞ്ഞ ആഭരണങ്ങളെല്ലാം വിവാഹശേഷം സതീഷും സത്യനും ചേര്‍ന്ന് എസ്.എഎന്‍.ഡി.പി. ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വധുവിന്റെ മാതാപിതാക്കള്‍ക്കു കൈമാറുകയായിരുന്നു. ശ്രുതിയുടെ കരംഗ്രഹിച്ച്‌ കല്യാണമണ്ഡപം വലംവയ്ക്കവേ, സതീഷ് പ്രിയതമയോടു പറഞ്ഞു, നമുക്ക് താലിമാല മാത്രം മതി. ശ്രുതിക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ ഓരോ കൈയിലും ഓരോ വള കൂടിയാവാം. ശ്രുതിക്കും അഭിപ്രായ വ്യത്യാസമുണ്ടായില്ല.

അന്‍പതു പവനില്‍ ബാക്കി ആഭരണങ്ങള്‍ ഊരി നല്‍കി. ഇത് വധുവിന്റെ അച്ഛനമ്മമാരെ ഏല്‍പ്പിച്ച്‌, സതീഷ് പറഞ്ഞു എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം. വന്‍ കരഘോഷത്തോടെയാണ് വരന്റെ തീരുമാനത്തെ കല്യാണത്തിന് ഒത്തുകൂടിയവര്‍ സ്വീകരിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടന്ന വിവാഹത്തില്‍ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.