ചെന്നൈ: തമിഴ്‌ നാട്ടില്‍ കോവിഡ് സാമൂഹിക വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. വിദഗ്ധരുടെ അഭിപ്രായം മാനിച്ച്‌ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപനം തടയാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ജനത്തിന്റെ പൂര്‍ണ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യമനുസരിച്ചായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സമീപ ദിവസങ്ങളില്‍ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ വകുപ്പ് തലവന്മാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സമൂഹിക വ്യാപന സാധ്യത മുഖ്യമന്ത്രി പറഞ്ഞത്.

നിലവില്‍ തമിഴ്‌നാട് രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണെന്നും മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ വ്യാപനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേരെ പരിശോധിക്കുന്നതിനായി 4 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 789 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്.