മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ നിരവധി സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് ചിരിയുടെ സുവര്‍ണ്ണ നിമിഷങ്ങള്‍ സമ്മാനിക്കുന്ന സിനിമകളാണ്. ഒരുകാലത്തെ പ്രേക്ഷകരുടെ ഇഷ്ട സിനിമകളായി നിലകൊണ്ടിരുന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ സിനിമകള്‍ ഇന്നും അതേ സ്വീകാര്യതയോടെ പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.
പുതു തലമുറയിലെ സംവിധായകരും, എഴുത്തുകാരും, നടന്മാരുമൊക്കെ ഇന്നും ഇഷ്ട സിനിമകളുടെ ലിസ്റ്റില്‍ കൊണ്ടു നടക്കുന്ന പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ സിനിമകളോടുള്ള ഇഷ്ടം തുറന്നു പറയുകയാണ് പുതു തലമുറയിലെ സംവിധായകരില്‍ പ്രധാനിയായ റോഷന്‍ ആന്‍ഡ്രൂസ്.
പ്രിയദര്‍ശന്റെ കിലുക്കവും, ചിത്രവും എത്ര കണ്ടാലും മതിവരാത്ത സിനിമകള്‍ ആണെന്നും എന്നാല്‍ കിലുക്കത്തേക്കാള്‍ ചിത്രമാണ് തന്റെ ഏറ്റവും ഫേവറൈറ്റെന്നും ഒരു എഫ്‌എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. തന്റെ സിനിമകളുടെ ലിസ്റ്റ് എടുത്താല്‍ ഏറ്റവും പ്രിയം ‘മുംബൈ പോലീസ്’ ആണെന്നും റോഷന്‍ പങ്കുവയ്ക്കുന്നു.
‘കിലുക്കവും ചിത്രവും എത്ര കണ്ടാലും മടുക്കാത്ത സിനിമകളാണ്. പ്രത്യേകിച്ച് ‘ചിത്രം’. എന്റെ സിനിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘മുംബൈ പോലീസാ’ണ്. ഞാന്‍ എപ്പോഴും ലാപ്ടോപില്‍ കൊണ്ട് നടക്കുന്ന സിനിമയാണത്. റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.



