തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ മികച്ച പോളിംഗ്. ആദ്യ അരമണിക്കൂറില്‍ 2.42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വയനാട്ടില്‍ 2.3 ശതമാനം, പാലക്കാട്ട് 2.21 ശതമാനം, തൃശൂരില്‍ 2.36 ശതമാനം, എറണാകുളം 2.47 ശതമാനം, കോട്ടയം 2.37 ശതമാനം എന്നിങ്ങനെയാണ് ആദ്യ അരമണിക്കൂറില്‍ പോളിംഗ് രേഖപ്പെടുത്തിയത്.
എറണാകുളം കോര്‍പറേഷനില്‍ 2.45 ശതമാനവും തൃശൂര്‍ കോര്‍പറേഷനില്‍ 2.39 ശതമാനവും വോട്ട് ആദ്യ അരമണിക്കൂറില്‍ രേഖപ്പെടുത്തി. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. കൊവിഡ് പശ്ചാതലത്തില്‍ കര്‍ശന സുരക്ഷായോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, വയനാട് ജില്ലകളില്‍ മേല്‍ക്കൈ നിലനിര്‍ത്തുകയാണ് യുഡിഎഫ് ലക്ഷ്യം. തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും ഇടതു ചേരിയിലാക്കുകയാണ് എല്‍ഡിഎഫിന്റെ ഉന്നം. പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിര്‍ത്തുക, തൃശൂര്‍ കോര്‍പറേഷനില്‍ വന്‍ മുന്നേറ്റം നടത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.