ഇടുക്കി മൂന്നാറില്‍ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥികളില്ല. പൊമ്പിളൈ ഒരുമൈയുടെ പേരില്‍ വോട്ട് വാങ്ങി വിജയിച്ചവര്‍ പിന്നീട് പണം വാങ്ങി കാലുമാറിയതിനാല്‍ ഇനി മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പിടിച്ച് മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുകയും നേതാവായ ഗോമതി ആഗസ്റ്റിയനടക്കം മൂന്ന് പേര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇവര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് തിരിച്ച് പോയത് സംഘടനയില്‍ വിള്ളല്‍ വീഴ്ത്തി. അതുകൊണ്ട് തന്നെ ഇത്തവണ ആരും മത്സരിക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം.

സംഘടനയ്ക്ക് ഇപ്പോഴും തൊഴിലാളികള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട് ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് തീരുമാനം ഉടന്‍ സ്വീകരിക്കും. പൊമ്പുളൈ ഒരുമൈയുടെ തീരുമാനം തോട്ടം മേഖലയില്‍ മറ്റുമുന്നണികളുടെ വിജയ പരാജയങ്ങള്‍ നിര്‍ണയിക്കും.

തോട്ടം മേഖലയിലെ ട്രേഡ് യൂണിയനുകള്‍ നിശബ്ദത തുടര്‍ന്നപ്പോള്‍ കൂലി കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം സ്ത്രീകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. ആ സംഘടിക്കല്‍ പിന്നീട് പൊമ്പിളൈ ഒരുമൈ സ്ത്രീകളുടെ അവകാശ പോരാട്ട വേദിയായി മാറുകയായിരുന്നു.