തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ നാളെ വിധിയെഴുതും. നാലു ജില്ലകളിലേയും പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയാക്കി. പ്രശ്ന ബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നത്.
നാളെ രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറ് വരെയാണ് പോളിംഗ്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 10,842 പോളിംഗ് ബൂത്തുകളാണ് മൂന്നാം ഘട്ടത്തിലേക്കായി സജ്ജീകരിച്ചിരിക്കുന്നത്. 1,105 പ്രശ്ന ബാധിത പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗും കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണം വൈകുന്നേരത്തോടെ പൂർത്തിയാക്കി. നാല് ജില്ലകളിലായി 76 വിതരണ, സ്വീകരണ കേന്ദ്രങ്ങളാണുള്ളത്. പോളിംഗ് ദിനത്തിലേക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകളിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 16നാണ് വോട്ടെണ്ണൽ.