തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ 2,71,20,823 വോട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. 1,29,25,766 പുരുഷന്‍മാര്‍, 1,41,94,775 സ്ത്രീകള്‍, 282ട്രാന്‍സ്‌ജെന്ററുകള്‍ എന്നിങ്ങനെയാണ് ആകെ വോട്ടര്‍മാര്‍.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലേയും 86 മുനിസിപ്പാലിറ്റികളിലേയും 6 കോര്‍പ്പറേഷനുകളിലേയും വോട്ടര്‍ പട്ടികയാണ് ഇലക്‌ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അന്തിമമാക്കി പ്രസിദ്ധീകരിച്ചത്. ആഗസ്റ്റ് 12 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ ആകെ 2.62 കോടി വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരുന്നത്. അന്തിമ വോട്ടര്‍ പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം പരിശോധിച്ച്‌ ആവശ്യമെങ്കില്‍ പുതിയ പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. പുതുതായി സ്ഥാപിക്കുന്ന പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥം പുന:ക്രമീകരണം വരുത്തും.

അന്തിമ വോട്ടര്‍പട്ടികയിലെ അടിസ്ഥാനപട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ചുളള അന്തിമ വോട്ടര്‍പട്ടിക ഒക്‌ടോബര്‍ 15 ന് മുമ്പ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കും. അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കുന്നതിന് തിരഞ്ഞെടുപ്പിന് മുമ്പ്‌ ഒരു അവസരം കൂടി നല്‍കും. ഈ വേളയില്‍ ആക്ഷേപങ്ങളും സമര്‍പ്പിക്കാം.