രണ്ടായിരത്തിന്റെ തുടക്കത്തില്‍ ബോളിവുഡില്‍ വലിയ തരം​ഗം സൃഷിച്ച നടനാണ് ഫര്‍ദീന്‍ ഖാന്‍. ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ ഫിറോസ്‌ ഖാന്റെ മകനാണ് ഫര്‍ദീന്‍ ഖാന്‍. 1998 ല്‍ പ്രേം അഗന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. പിതാവ് ഫിറോസ്‌ ഖാനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

2005 ല്‍ ഇറങ്ങിയ നോ എണ്ട്രി എന്ന ഹാസ്യ ചിത്രം വിജയമായതോടെ ഫര്‍ദീന്‍ ശ്രദ്ധനേടി. പിന്നീട് തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ ഫര്‍ദീന്‍ ഖാന്‍ അഭിനയത്തില്‍ നിന്ന് വിടവാങ്ങി. 2010 ല്‍ പുറത്തിറങ്ങിയ സുസ്മിത സെന്‍ നായികയായ ദുല്‍ഹ മില്‍ ഗയ എന്ന സിനിമയിലാണ് ഫര്‍ദീന്‍ഖാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ 2016 ല്‍, താരം വീണ്ടും വാര്‍ത്തകളിലിടം നേടിയിരുന്നു. ശരീര ഭാരം കൂടിയ തന്റെ ഫോട്ടോകള്‍ ഓണ്‍‌ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു ഇത്. ശരീരഭാരം കൂട‌ിയതിന്റെ പേരില്‍ ക‌ടുത്ത ബോഡി ഷെയ്മിങിന് ഇരയാവുകയും ചെയ്തിരുന്നു.

 

 

വീണ്ടും ശരീരഭാരം കാരണം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് താരം. തടി കുറച്ച്‌ പഴയ രൂപം വീണ്ടെടുത്തതിലൂടെയാണ് ഫര്‍ദീന്‍ ഖാന്‍ ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുന്നത്. തന്നെ കളിയാക്കിയവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് ഫര്‍ദീന്‍ ഖാന്‍ ഇതിലൂടെ നല്‍കിയിരിക്കുന്നത്.

ഫര്‍ദീന്‍ ഖാന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ശനിയാഴ്ച കാസ്റ്റിംഗ് ഡയറക്ടറും സംവിധായകനുമായ മുകേഷ് ചബ്രയുടെ ഓഫീസിന് പുറത്ത് വെച്ചാണ് ഫര്‍ദീന്‍ഖാനെ കണ്ടത്. അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. അതേസമയം ഫര്‍ദീന്‍ ഖാന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് സൂചകള്‍. ഇക്കാര്യം മുകേഷ് ഛബ്ര സ്ഥിരീകരിച്ചിട്ടുണ്ട്.