തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ വരുന്ന പാപ്പാട് എന്ന സ്ഥലത്ത് വച്ചാണ് മൂന്ന് ഡിവൈഎഫ്ഐ നേരെ അക്രമണമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും അക്രമികൾ നശിപ്പിച്ചു. സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്ന ബിജെപി പ്രവർത്തകരായ അഖിൽ, ദിനു എന്നിവരെ ഇന്നു പുലർച്ചെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. പ്രതികളെ വിട്ടുകിട്ടണമെന്നും നിരപരാധികളെയാണ് അറസ്റ്റ് ചെയ്തതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
കഴിഞ്ഞ കുറേ നാളുകളായി വട്ടിയൂർക്കാവിൽ ബിജെപി-ഡിവൈഎഫ്ഐ സംഘർഷം നിലനിൽക്കുകയാണ്. ദീപാവലി ദിവസം രാത്രിയും ഇരുസംഘങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച നടന്ന സംഘർഷമെന്നാണ് പോലീസ് പറയുന്നത്.