ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമിതി അംഗങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതില്‍ സൗത്ത് കൊല്‍ക്കത്ത ഡെപ്യൂട്ടി കമ്മീഷണര്‍ റാഷിദ് മുനീര്‍ ഖാന് കാരണം കാണിക്കല്‍ നോട്ടിസ് അയച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയോട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെയാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.

തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ നടന്ന ജാദവ്പുരില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സമിതി അംഗങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാണ് ഹൈക്കോടതി ഡിസിപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഏഴംഗ സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ അക്രമം സംബന്ധിച്ച് പരാമര്‍ശിച്ചിരുന്നു.

കൂടാതെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ അവിജിത് സര്‍ക്കാരിന്റെ രണ്ടാം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടിരുന്നു.