ഡാലസ് ∙ ഡാലസ് കൗണ്ടിയിൽ കൊറോണ വൈറസ് കണ്ടെത്തിയതിനു ശേഷം ആദ്യമായി ഒറ്റദിവസം 257 പോസിറ്റീവ് കേസ്സുകളും  16 മരണവും സംഭവിച്ചതായി ഡാലസ് കൗണ്ടി അധികൃതർ വെളിപ്പെടുത്തി. ജൂൺ 2 ചൊവ്വാഴ്ചയാണ് റെക്കോർഡ് നമ്പറിലേക്ക് എത്തിയതെന്നും കഴിഞ്ഞ ആറു ദിവസമായി ഒരോ ദിവസവും 200 രോഗികൾ മാത്രമായിരുന്നിടത്താണ് ഇത്രയും പേരിൽ രോഗം കണ്ടെത്തിയതെന്നും അധികൃതർ പറഞ്ഞു.

ഇതുവരെ ഡാലസ് കൗണ്ടിയിൽ മാത്രം 10,719 കേസ്സുകളും 245 മരണവും ഉണ്ടായതായും അധികൃതർ അറിയിച്ചു. ലോക്ഡൗണിൽ അയവു വരുത്തിയതും ജനജീവിതം സാധാരണ നിലയിലേക്ക് സാവകാശം നീങ്ങുന്നതും ആളുകൾ മാസ്ക്കുകൾ ധരിക്കാത്തതും സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതുമാകാം, രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്നാണു വിലയിരുത്തുന്നത്.

ടെക്സസ് സംസ്ഥാനത്തു മാത്രം ഇതുവരെ 67,000 പോസിറ്റീവ് കേസ്സുകളും 1700 മരണവും ഉണ്ടായിട്ടുണ്ട്. 44500 പേർ രോഗമുക്തി നേടി. കൊറോണ വൈറസിനെ മുഴുവനായി ഇല്ലായ്മ ചെയ്യുവാൻ പെട്ടെന്നൊന്നും സാധ്യമല്ലെങ്കിലും സാമൂഹിക അകലം പാലിക്കുന്നത്, മാസ്കുകൾ ധരിക്കുന്നത്, കൈ വൃത്തിയായി കഴുകുന്നത്,  ഒരു പരിധിവരെ കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.