കേരള സൈബര്‍ വാരിയേഴ്സ് ഡല്‍ഹി സംസ്ഥാന ഹെല്‍ത്ത് മിഷന്‍റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. ഡല്‍ഹിയിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് രോഗികളോടുമുള്ള സ്വകാര്യ ആശുപതികളുടെയും, സര്‍ക്കാരിന്‍റെയും മോശം സമീപനത്തില്‍ പ്രതിഷേധിച്ചാണ് ഹാക്ക് ചെയ്തത്. കോവിഡ് രോഗികളുടെ പേര്, വിലാസം, ഫോണ്‍ നമ്ബര്‍, കോവിഡ് 19 പരിശോധനാ ഫലം, ക്വാറന്‍റൈന്‍ നിരീക്ഷണ ഡാറ്റ, വിമാനത്താവള ഡാറ്റ, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, ആശുപത്രി ഡാറ്റ എന്നിവ പത്ത് മിനുറ്റ് കൊണ്ട് സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ പുറത്തെത്തിച്ചു. ഇതോടെ സെര്‍വറുകളിലുള്ള വളരെ പ്രധാന്യമേറിയ വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ കൈക്കലാക്കാന്‍ സാധിച്ചത് ഡല്‍ഹി സര്‍ക്കാരിന്‍റെ വീഴ്ച്ചയാണെന്ന് കേരള സൈബര്‍ വാരിയേഴ്സ് കുറ്റപ്പെടുത്തുകയും ചെയ്തു.

ഒരു ഹാക്കറിന് ഡാറ്റ എഡിറ്റു ചെയ്യുവാനും, കൈകാര്യം ചെയ്യുവാനും, ദുരുപയോഗം ചെയ്യുവാനും കഴിയുമെന്നും ഈ സെന്‍സിറ്റീവ് ഡാറ്റ മറ്റൊരു രാജ്യക്കാര്‍ക്കാണ് കിട്ടുന്നത് എങ്കില്‍ പിന്നെ ബ്ലാക്ക് മാര്‍ക്കറ്റില്‍ നോക്കിയാല്‍ മതിയെന്നും കേരള സൈബര്‍ വാരിയേഴ്സ് പറയുന്നു. ഈ വിവരം തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഹാക്കേഴ്സിന്റെ Back Doors സെര്‍വറില്‍ കണ്ടത് കൊണ്ടാണ് ഇങ്ങനെ പോസ്റ്റ്‌ ചെയ്യേണ്ട ഗതികേട് വന്നതെന്നും സൈബര്‍ വാരിയേഴ്‌സ് വിശദീകരിക്കുന്നു.