ന്യൂഡല്‍ഹി: ഹൈക്കമ്മിഷനിലെ വീസാ വിഭാഗത്തില്‍ ജോലി ചെയ്തുകൊണ്ട് പാകിസ്ഥാന്‍ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടു പിടിയിലായ പാക്ക് ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരില്‍ നിന്ന് കണ്ടെടുത്തത് ഇന്ത്യയിലെ വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍. 24 മണിക്കൂറിനുള്ളില്‍ ഇവരോട് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടു.വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് അബീദ് ഹുസൈന്‍, താഹിര്‍ ഖാന്‍ എന്നിവരെ പുറത്താക്കിയ കാര്യം വ്യക്തമാക്കിയത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചിരുന്ന ഇവര്‍ പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിനു (ഐഎസ്‌ഐ) വേണ്ടി പ്രവര്‍ത്തിച്ചെന്നാണ് ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലിന്റെ കണ്ടെത്തല്‍. നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍, അവരുടെ പദവിക്ക് അനുയോജ്യമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് സര്‍ക്കാര്‍ ഈ രണ്ട് ഉദ്യോഗസ്ഥരെയും പുറത്താക്കുന്നു’ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഞായറാഴ്ച ഇവരെ പിടികൂടി 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.ഇന്ത്യ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചു. അതേ സമയം ഉദ്യാഗസ്ഥരെ പുറത്താക്കിയ ഇന്ത്യന്‍ നടപടിയെ പാകിസ്ഥാന്‍ അപലപിച്ചു. ചാരപണി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാന്‍ അറിയിച്ചു.