ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊറോണ ആശുപത്രിയില്‍ പരിശോധന നടത്താനൊരുങ്ങി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കൊറോണ രോഗബാധ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച സംഭവിക്കുന്നതായുള്ള ആരോപണത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പരിശോധന നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ കൊറോണ ചികിത്സയ്ക്കായുള്ള ലോക് നായക് പ്രകാശ് ആശുപത്രിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘം പരിശോധന നടത്തുന്നത്.

കൊറോണ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ച്ച സംഭവിക്കുന്നതായും രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ചികിത്സ നിഷേധിക്കുന്നതുമായുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആശുപത്രിയില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കൊറോണ ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച്‌ പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.