ന്യൂഡല്‍ഹി: രാജ്യ തലസ്​ഥാനത്ത്​ 24 മണിക്കൂറിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 500ഓളം പേര്‍ക്ക്​. പുതുതായി 472 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 8470 ആയി. ഒരുദിവസം ഇത്രയധികം പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണം സ്​ഥിരീകരിക്കാത്തതും 187പേര്‍ക്ക്​ രോഗമുക്തി നേടാനായതും ആ​േരാഗ്യ പ്രവര്‍ത്തകരെയും ഭരണകൂടത്തെയും ആത്മവിശ്വാസത്തിലാക്കുന്നുണ്ട്​. ഇതുവരെ 3045 പേരാണ്​ സംസ്​ഥാനത്ത്​ രോഗമുക്തി നേടിയത്​. 115 പേര്‍ മരിക്കുകയും ചെയ്​തതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ പുറമെ പൊലീസുകാര്‍ക്കും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു​. കഴിഞ്ഞ ദിവസം ഒരു സബ്​ ഇന്‍സ്​പെക്​ടര്‍ക്ക്​ കോവിഡ്​ പോസിറ്റീവായി. എസ്.ഐക്കൊപ്പം താമസിക്കുന്ന മറ്റു പൊലീസുകാരെയും കൂടെ ജോലി ചെയ്​തവരെയും ഇതേ തുടര്‍ന്ന്​ നിരീക്ഷണത്തിലാക്കി. ഡല്‍ഹിയിലെ ജയിലിലും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ​