ന്യൂഡല്‍ഹി: രാജ്യതലസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുന്നു. സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം രോഗികളാല്‍​ നിറഞ്ഞതായി ഡല്‍ഹി ആശുപത്രികളിലെ ഡോക്​ടര്‍മാര്‍ അറിയിച്ചു. അത്യാസന്ന നിലയിലായ രോഗികളെ മാത്രമാണ്​​ കോവിഡ്​ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നത്​. കഴിഞ്ഞ 10 ദിവസമായി ​അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ നാലുശതമാനം വര്‍ധനയുണ്ടായതായും ഡോക്​ടര്‍മാര്‍ പറയുന്നു.

ഡല്‍ഹി കൊറോണ ആപ്​ പ്രകാരം സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ കിടക്ക ഒഴിവുകള്‍ കാണിക്കുന്നില്ല. എയിംസിലും അത്യാഹിത വിഭാഗം മുഴുവന്‍ രോഗികളെകൊണ്ടു നിറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ വെന്‍റിലേറ്റര്‍ സൗകര്യമുള്ള 1264 അത്യാഹിത വിഭാഗം കിടക്കുകളാണുള്ളത്​. ഇതില്‍ 764 എണ്ണത്തില്‍ രോഗികളെ പ്രവേശിപ്പിച്ചതായും പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ 14,996 കിടക്ക സൗകര്യമാണുള്ളത്​. ഇതില്‍ 7043 ബെഡുകളിലും രോഗികളെ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒരാഴ്​ചയായി 4000ത്തില്‍ അധികംപേര്‍ക്കാണ്​ ഡല്‍ഹിയില്‍ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ശനിയാഴ്​ച കോവിഡ്​ ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നിരുന്നു. 2,42,899 പേര്‍ക്കാണ്​ ഡല്‍ഹിയില്‍ കോവിഡ്​ സ്​ഥിരീകരിച്ചത്​.

ഉത്തര്‍പ്രദേശ്​, ഹരിയാന, രാജസ്​ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ അത്യാസന്ന നിലയിലുള്ള കോവിഡ്​ രോഗികളും ചികിത്സയിലായി ഡല്‍ഹിയിലെത്തുന്നുണ്ട്​. ഡല്‍ഹിയില്‍ ഐ.സി.യു ബെഡുകളുടെ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.