ലോസ്‌ആഞ്ചലസ് : നടനും ഡബ്ല്യു.ഡബ്ല്യു.ഇ സൂപ്പര്‍താരവുമായ ജോണ്‍ സീനയും കാമുകി ഷെയ് ഷെരിയറ്റ്സദേഹും വിവാഹിതരായി. സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ജോണ്‍ സീനയുടെ രണ്ടാമത്തെ വിവാഹമാണിത്. 2019ലാണ് 43 കാരനായ സീനയും 29 കാരിയായ ഷെയ്‌യും കണ്ടുമുട്ടുന്നത്.

ഒക്ടോബര്‍ 12ന് ഫ്ലോറിഡയിലെ താംപയില്‍ വച്ച്‌ വിവാഹിതരായ ഇവരും വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതോടെയാണ് വിവാഹ വിവരം പുറത്തായത്. അമേരിക്കന്‍ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2009ലാണ് ജോണ്‍ സീന എലിസബത്ത് ഹ്യൂബര്‍ഡ്യൂവിനെ വിവാഹം ചെയ്തത്. എന്നാല്‍ 2012ല്‍ ഇവരുവരും വിവാഹമോചനം നേടി. തുടര്‍ന്ന് 2012 മുതല്‍ സീന ഡബ്ല്യു.ഡബ്ല്യു.ഇ താരം നിക്കി ബെല്ലയുമായി അടുപ്പത്തിലാവുകയായിരുന്നു. 2018ല്‍ സീനയും നിക്കി ബെല്ലയും വേര്‍പിരിഞ്ഞു. ഇറാനില്‍ ജനിച്ച കനേഡിയന്‍ പൗരയായ ഷെയ് വാന്‍കൂറിലെ ഒരു ടെക് കമ്ബനിയില്‍ പ്രോജക്‌ട് മാനേജര്‍ ആണ്.

വിവാഹത്തെ സംബന്ധിച്ച്‌ ജോണ്‍ സീനയുടെയും ഷെയ്‌യുടെയും ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസിന്റെ പുതിയ പതിപ്പായ ‘ എഫ് 9 ‘ ല്‍ ഹോളിവുഡ് താരം വിന്‍ ഡീസലിനൊപ്പം പ്രധാന വേഷത്തില്‍ ജോണ്‍ സീന എത്തുന്നുണ്ട്. കൂടാതെ മറ്റ് ചില ചിത്രങ്ങളും ജോണ്‍ സീനയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.